International
അസീസി: ലെയോ പതിനാലാമൻ മാർപാപ്പ അസീസി നഗരം സന്ദർശിച്ചു. ഇന്നലെ രാവിലെ പ്രാദേശികസമയം 8.30ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിൽ എത്തിയ മാർപാപ്പ, കാർമാർഗം അസീസി നഗരത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് അസീസി ബസിലിക്കയിലെത്തി.
ബസിലിക്കയിൽ വിശുദ്ധന്റെ കബറിടത്തിനുമുന്നിൽ പ്രാർഥന നടത്തിയ മാർപാപ്പ ഹ്രസ്വ സന്ദേശം നൽകി. ഈ പുണ്യസ്ഥലത്തേക്കു വരാനായത് അനുഗ്രഹമാണെന്നു പറഞ്ഞ മാർപാപ്പ, വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികം നമ്മൾ ആചരിക്കാനിരിക്കെ ലോകം പ്രതീക്ഷയുടെ അടയാളങ്ങൾക്കായി തിരയുന്ന ഈ സമയത്ത് മഹാനും എളിമയുള്ളവനും ദരിദ്രനുമായ ഈ വിശുദ്ധനെ ഓർമിക്കാൻ നമുക്ക് അവസരം ലഭിക്കുകയാണെന്നും പറഞ്ഞു. തുടർന്ന് ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്തശേഷമാണു മാർപാപ്പ മടങ്ങിയത്.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടം 2026 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ അസീസി ബസിലിക്കയില്‍ പൊതുവണക്കത്തിനായി വയ്ക്കും. വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എട്ട് നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി ഭൗതികാവശിഷ്ടങ്ങളുടെ പൊതുവണക്കം നടക്കുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന തിരുശേഷിപ്പ് വണക്കത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
International
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സ്തംഭനിരയ്ക്കു സമീപം പ്രവർത്തിക്കുന്ന സൗജന്യ ക്ലിനിക് നവീകരിച്ചു. ഇന്നു നടക്കുന്ന പാവങ്ങളുടെ ലോകദിനത്തോടനുബന്ധിച്ചാണ് ഔട്ട്പേഷ്യന്റ് ക്ലിനിക് നവീകരിച്ചത്. സെന്റ് മാർട്ടിൻ ക്ലിനിക് എന്നപേരിലുള്ള ഇതിന്റെ ഉദ്ഘാടനം ലെയോ പതിനാലാമൻ മാർപാപ്പ നിർവഹിച്ചു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഹെൽത്ത് ആൻഡ് ഹൈജീൻ ഡയറക്ടറേറ്റാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ലിനിക് സജ്ജമാക്കിയത്. രണ്ടു പരിശോധനാമുറികളും അത്യാധുനിക ഉപകരണങ്ങളും റേഡിയോളജി സേവനവും സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും നൂതനമായ എക്സ്റേ യൂണിറ്റിൽ ന്യുമോണിയ, അസ്ഥി ഒടിവുകൾ, ട്യൂമറുകൾ, ഡീജനറേറ്റീവ് രോഗങ്ങൾ, വൃക്കയിലെ കല്ലുകൾ, കുടൽ തടസങ്ങൾ എന്നിവ സംബന്ധിച്ച് വേഗത്തിലും കൃത്യമായുമുള്ള രോഗനിർണയം നടത്താനാവും. എട്ട് ഡോക്ടർമാരും നാല് നഴ്സുമാരും രണ്ട് സന്നദ്ധപ്രവർത്തകരുമാണ് ഇവിടെ സേവനം അനുഷ്ഠി ക്കുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പാവപ്പെട്ട ആളുകൾക്ക് സൗജന്യ ചികിത്സ നൽകാൻ പത്തു വർഷമായി വത്തിക്കാനിൽ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു തുടക്കമിട്ടത്.
NRI
വത്തിക്കാൻ സിറ്റി: കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ പുതുചരിത്രം രചിച്ച് വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്ന് ആംഗ്ലിക്കന്‍ സഭയുടെ സുപ്രീം ഗവര്‍ണര്‍ കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും പത്നിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്.
ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനംകൂടിയാണിത്. വ്യാഴാഴ്ച രാവിലെയാണ് ചാൾസും കാമിലയും വത്തിക്കാനിലെത്തിയത്.
സ്വിസ് ഗാർഡുകൾ യുകെ ദേശീയഗാനം ആലപിച്ചാണു വരവേറ്റത്. തുടർന്ന് ഇരുവരും അപ്പസ്തോലിക് കൊട്ടാരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി.
ഇംഗ്ലണ്ടിന്റെ ആംഗ്ലോ-സാക്സൺ രാജാവും പ്രാർഥനയുടെ വ്യക്തിയുമായിരുന്ന വിശുദ്ധ എഡ്വേർഡ് ദ കൺഫസറിന്റെ ഫോട്ടോ ചാൾസ് രാജാവ് മാർപാപ്പയ്ക്കു സമ്മാനിച്ചപ്പോൾ ഇറ്റലിയിലെ സിസിലിക്കടുത്ത സെഫാലുവിലുള്ള നോർമൻ കത്തീഡ്രലിലെ പ്രസിദ്ധമായ സർവശക്തനായ ഈശോമിശിഹായുടെ മൊസൈക് ചിത്രമാണ് മാർപാപ്പ ചാൾസ് രാജാവിനു കൈമാറിയത്.
കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു സിസ്റ്റൈൻ ചാപ്പലിൽ പ്രാർഥന. പ്രാർഥനയ്ക്കുശേഷം നടന്ന സുസ്ഥിരതാസമ്മേളനത്തിൽ പരിസ്ഥിതിസൗഹൃദ സൂചകമായി ലെയോ മാർപാപ്പയും ചാൾസ് രാജാവും വൃക്ഷത്തൈകൾ കൈമാറി.
വത്തിക്കാനിലെ സന്ദർശനത്തിനുശേഷം റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ എത്തിയ ചാൾസ് രാജാവിന് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി റോയൽ കോൺഫ്രേറ്റർ എന്ന ബഹുമതി സമ്മാനിച്ചു. തുടർന്ന് ഇവിടെ നടന്ന പ്രാർഥനയിലും രാജാവ് പങ്കെടുത്തു.
1530 ൽ ഹെന്റി എട്ടാമൻ രാജാവ് കത്തോലിക്കാസഭയുമായി പിരിഞ്ഞ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനു രൂപംനൽകിയതിനുശേഷം ഇതാദ്യമായാണ് വത്തിക്കാനിൽ ബ്രിട്ടീഷ് രാജാവും മാർപാപ്പയും ഒരുമിച്ച് പ്രാർഥന നടത്തുന്നത്.
കഴിഞ്ഞ ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചാൾസ് രാജാവിന്റെ സന്ദർശനപരിപാടി ഫ്രാൻസിസ് മാർപാപ്പയുടെ രോഗത്തെയും മരണത്തെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഗാനശുശ്രൂഷയിൽ പങ്കുചേർന്ന് ബ്രിട്ടനിലെ റോയൽ ക്വയറും
സിസ്റ്റൈൻ ചാപ്പലിൽ വിശ്വപ്രസിദ്ധ കലാകാരൻ മൈക്കിൽ ആഞ്ചലോയുടെ വിഖ്യാത പെയിന്റിംഗിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രാർഥനാചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ക്വയറിനൊപ്പം ഇംഗ്ലണ്ടിലെ സെന്റ് ജോർജ്സ് ചാപ്പൽ ക്വയറും രാജകീയ ചാപ്പൽ റോയൽ ക്വയറും പങ്കെടുത്തു.
‘സ്വർഗസ്ഥനായ പിതാവെ..’ എന്ന പ്രാർഥനയോടെയായിരുന്നു തുടക്കം. യുകെ വിദേശകാര്യസെക്രട്ടറി യുവെറ്റ് കൂപ്പർ വേദപുസ്തക വായന നടത്തി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മുതിർന്ന ബിഷപ്പും യോർക്ക് ആർച്ച്ബിഷപ്പുമായ റവ. സ്റ്റീഫൻ കൊട്രെൽ സങ്കീർത്തനം വായിച്ചു.
‘ഞങ്ങളുടെ പിതാവായ ദൈവമേ, സ്വർഗവും ഭൂമിയും അങ്ങാണല്ലോ സൃഷ്ടിച്ചത്...’ എന്നു തുടങ്ങുന്ന മാർപാപ്പയുടെ പ്രാർഥനയോടെയും വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനത്തിന്റെ ആലാപനത്തോടെയുമാണ് പ്രാർഥനാചടങ്ങ് സമാപിച്ചത്.
ലത്തീൻ, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥന. ചാൾസ് രാജാവിന്റെ ഭാര്യ കാമില, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പും ഇംഗ്ലണ്ടിലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനുമായ കർദിനാൾ വിൻസെന്റ് നിക്കോളാസ്, സ്കോട്ടിഷ് സഭയെ പ്രതിനിധീകരിച്ച് സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ് ലിയോ കുഷ്ലെ എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.
വിഘടനവാദം ശക്തമാകുന്ന ലോകത്ത് മറ്റു മതങ്ങളോട് സഹിഷ്ണുതാമനോഭാവം പുലര്‍ത്തേണ്ടുന്നതിന്റെ പ്രാധാന്യവും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു പ്രാർഥനാച്ചടങ്ങ്.
‘പ്രത്യാശയുടെ തീർഥാടകർ’ എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാസഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചത്.
NRI
വത്തിക്കാന്‍ സിറ്റി: ബ്രിട്ടനിലെ ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും വ്യാഴാഴ്ച വത്തിക്കാനിലെത്തും. ഇരുവരും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം എക്യുമെനിക്കല്‍ പ്രാർഥനയിൽ പങ്കെടുക്കും.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടക്കുക. പ്രാർഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും.
ഉച്ചകഴിഞ്ഞ് രാജാവും രാജ്ഞിയും റോമ നഗരത്തിനു പുറത്തുള്ള സെന്റ് പോൾ ബസിലിക്ക സന്ദർശിക്കും. ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് രാജാവിനെ റോയൽ കൊൺഫ്രാറ്റർ ഓഫ് സെന്റ് പോൾ എന്ന പദവി നൽകി ആദരിക്കും.
പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും രാജ്ഞിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്. സന്ദർശനം ചരിത്രപരമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കിയത്.
ക്രൈസ്തവ ഐക്യത്തിനും പരിസ്ഥിതിസംരക്ഷണത്തിലും ഊന്നൽ നൽകിയുള്ള ഈ സന്ദർശനം ആംഗ്ലിക്കൻ - കത്തോലിക്കാ ബന്ധത്തിലെ ചരിത്രനിമിഷമെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.
"പ്രത്യാശയുടെ തീർഥാടകർ' എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാ സഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് 12 ദിവസം മുന്‍പ് ഏപ്രിൽ ഒന്‍പതിന് ചാൾസ് രാജാവും രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാർപാപ്പ താമസിച്ചിരുന്ന കാസ സാന്ത മാർത്ത അപ്പാർട്ട്മെന്റിലായിരുന്നു കൂടിക്കാഴ്ച.
ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാൻസിസ് മാർപാപ്പ ഇരുവരെയും ആശീര്‍വദിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
NRI
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക ഗ്രന്ഥം പുറത്തിറങ്ങി. മാർപാപ്പയായശേഷം നടത്തിയ പ്രഭാഷണങ്ങളും മാർപാപ്പയെക്കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ‘Let There Be Peace! Words to the Church and the World’ (സമാധാനം ഉണ്ടാകട്ടെ! സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ) എന്നപേരിലുള്ള പുസ്തകമാണ് വത്തിക്കാൻ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയത്.
160 പേജുള്ള ഗ്രന്ഥം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണു പുറത്തിറക്കിയിരിക്കുന്നത്. മേയ് എട്ടിന് പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ ആയുധരഹിത ലോകത്തിനും സമാധാനത്തിനും വേണ്ടിയാണ് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തത്.
ദൈവത്തിന്റെ സജീവ സാന്നിധ്യം, സഭയിലെ കൂട്ടായ്മ, സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങളിലെ കേന്ദ്രബിന്ദു. ഇത്തരത്തില്‍ ആദ്യ പൊതു പ്രസംഗങ്ങൾ ഉള്‍ക്കൊള്ളിച്ചാണ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് മാർപാപ്പയുടെ പേരില്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
NRI
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും സന്നിഹിതനായിരുന്നു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശില്പിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കല്‍ രൂപകല്പന ചെയ്ത ശില്പവുമാണ് കൈമാറിയത്.
വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത ദാരുശില്പമാണ് തോമസ് വെള്ളാരത്തുങ്കല്‍ തയാറാക്കിയത്. നാളുകളുടെ അധ്വാനത്തില്‍ പൂര്‍ണമായും കരവിരുതില്‍ കൊത്തിയെടുത്ത ശില്പത്തില് മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പുകതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാര്‍ഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവില്‍ ഗോളവും ഗോളത്തില്‍ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ഗോളത്തിനു മുകളില്‍ സ്ഥാപിച്ച കേരളത്തിന്റെ മാതൃകയില്‍ സുറിയാനി കത്തോലിക്കാ സഭയില്‍നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അല്‍ഫോന്‍സാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
മുന്തിരിക്കുലകളോടു ചേര്‍ന്നിരിക്കുന്ന നാലിലകളിലായി രണ്ടുവശത്തും വിശുദ്ധരായ ഏലിയാസച്ചന്, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.